29.8 C
Attingal
Saturday, July 20, 2024
HomeNewsവെഞ്ഞാറമൂട് ഇരട്ട കൊലപാതകങ്ങളെ പറ്റി പ്രാദേശികമായ ജനസംസാരം എന്താണ്?

വെഞ്ഞാറമൂട് ഇരട്ട കൊലപാതകങ്ങളെ പറ്റി പ്രാദേശികമായ ജനസംസാരം എന്താണ്?

ആറ്റിങ്ങലില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ ആണ് വെഞ്ഞാറമൂട്.

സുരാജ് വെഞ്ഞാറമൂടിന്റെയും രംഗവേദി നാടകകളരിയുടെയും  പൊതുവേ രാഷ്ട്രീയമായും  സാംസ്കാരികമായും ഉള്ള പുരോഗമനപ്രവര്‍ത്തനങ്ങളുടേയും നാടായി അറിയപ്പെട്ടിരുന്ന വെഞ്ഞാറമൂട്, കഴിഞ്ഞ രണ്ട് ദിവസമായി കേരളമെമ്പാടും അലയടിക്കുന്നത് ഉത്രാട രാത്രിയില്‍  നടന്ന ഇരട്ട കൊലപാതകങ്ങളുടെ പേരിലാണ്.

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം

മിഥിലാജ്, ഹഖ് മുഹമ്മദ്‌ എന്നീ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആണ് ഓഗസ്റ്റ് 30 രാത്രി 12 മണിയ്ക്ക്  കൊല ചെയ്യപ്പെട്ടത്. ഈ കേസിലെ എല്ലാ പ്രതികളേയും പോലീസ് ഇതിനകം തന്നെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

രാഷ്ട്രീയമായ വലിയ സംഘര്‍ഷങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും സംസ്ഥാനമെമ്പാടും തന്നെ  വഴി വച്ചിട്ടുള്ള ഈ കൊലപാതകങ്ങളെ പറ്റി  നാട്ടുകാരുടെ ഇടയിലുള്ള സംസാരം എന്താണ്?

പരിചയമുള്ള കുറച്ച്  വെഞ്ഞാറമൂട്കാരോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ വിവരങ്ങള്‍ ആണ് ചുവടെ.

പോലീസ് കേസ് അന്വേഷിക്കുന്നുണ്ട്. ഔദ്യോഗികമായി സത്യം പുറത്ത് വരും. ഇവിടെ എഴുതിയിരിക്കുന്നത്  ആധികാരിക വസ്തുതകളോ നിയമപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിവരങ്ങളോ അല്ല. വെഞ്ഞാറമൂടില്‍ വര്‍ഷങ്ങള്‍ ആയി താമസിക്കുന്ന ചുരുക്കം ചില ആളുകളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ മനസിലാക്കാൻ കഴിഞ്ഞ കാര്യങ്ങള്‍ ആണ്.  

സാഹചര്യങ്ങള്‍ 

1. ഒരു കൊലപാതകത്തിൽ  കലാശിക്കേണ്ട വിധത്തിലുള്ള ഒരു സംഘർഷാവസ്ഥയും സിപിഎമ്മും കോൺഗ്രസും  തമ്മിൽ ആ ഭാഗത്ത് ഉണ്ടായിരുന്നില്ല

2. സംഘടനാപരമായും ആൾബലത്തിലും വെഞ്ഞാറമൂടിൽ സിപിഎം വളരെ  ശക്തമാണ്. കോൺഗ്രസ് ഇക്കാര്യങ്ങളിൽ ഒന്ന് മത്സരിക്കാൻ പോലും പറ്റുന്ന അവസ്ഥയിൽ അല്ല. പക്ഷെ പ്രവർത്തനങ്ങളിൽ സജീവമാകാതെ കോൺഗ്രസിന് വോട്ട് ചെയ്യുന്ന ആളുകൾ നിരവധി ഉണ്ട്. 

3.  കൊല്ലപ്പെട്ട രണ്ട് പേരും രാഷ്ട്രീയമായി എതിര്‍ പാര്‍ട്ടിക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാൻ പോന്ന വിധത്തില്‍  പ്രദേശങ്ങളിലെ സിപിഎമ്മിന്റെ പ്രധാനപ്പെട്ട പ്രവർത്തകർ ആയിരുന്നില്ല.

4. സംഭവം നടന്ന തേമ്പാമൂട് കോൺഗ്രസിന് നല്ല വോട്ടുള്ള പ്രദേശമാണ്. തേമ്പാമൂട് പഞ്ചായത്ത് കോണ്ഗ്രസ് ആണ് ഭരിക്കുന്നത്. മുൻ കോൺഗ്രസ് എംപിയായ തലേക്കുന്നിൽ ബഷീറിന്റെ വീട് ഇതിനടുത്താണ്. അദ്ദേഹം പക്ഷെ  ഇപ്പോൾ രോഗശയ്യയിൽ ആണ്.

5. രാഷ്ട്രീയമായി വെഞ്ഞാറമൂട് നടന്ന വലിയ സംഘർഷങ്ങളിൽ കോൺഗ്രസ് പാർട്ടി ഉൾപ്പെട്ടിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിപിഎമിൽ നിന്നും ഒരു വിഭാഗം ആളുകൾ മാറി സിപിഐയിൽ ചേർന്നതിന് വഴി തെളിച്ച സംഘർഷം അവിടെ ഉണ്ടായിരുന്നു. എസ് ഡി പി ഐയും സിപിഎമുമായും ഇടയ്ക്കിടെ സംഘർഷങ്ങൾ നടന്നിട്ടുണ്ട്.  

കൊലപാതകത്തിന് പിന്നില്‍?

ലോക് സഭ തിരഞ്ഞെടുപ്പിന് മുന്പ് കോണ്‍ഗ്രസില്‍ നിന്നും താഴെ തട്ടിലെ ചില പ്രവര്‍ത്തകര്‍ സി പി എമ്മില്‍ ചേര്‍ന്നതിനെ ചൊല്ലി ഇരു വിഭാഗങ്ങളും തമ്മില്‍ തര്‍ക്കങ്ങളും ഒറ്റപ്പെട്ട അക്രമങ്ങളും  നടന്നിട്ടുണ്ട്. അതിനെ തുടര്‍ന്നാണ്‌ ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അടിപിടി ഉണ്ടായതും ഫൈസല്‍ എന്ന സി പി എം പ്രവര്‍ത്തകന് നേരെ ആക്രമണം ഉണ്ടായതും. 

ഇത്തരത്തില്‍ ഉടലെടുത്ത പ്രശ്നങ്ങൾ, രണ്ട് പാര്‍ട്ടികളും തമ്മിലുള്ള സംഘര്‍ഷമായി മാറിയില്ലെങ്കിലും, നേരത്തെ ഉരസിയ ആളുകള്‍ തമ്മില്‍ പലപല സംഭവങ്ങളിലൂടെയും സോഷ്യൽ മീഡിയ പോർവിളികളിലൂടെയും വലുതായി, ഒരു വിഭാഗം മറുവിഭാഗത്തിനെ കൊല്ലാൻ ക്വട്ടേഷൻ സംഘത്തിനെ വാടകയ്ക്കെടുത്തതിൽ വരെ എത്തി. ഒടുവിൽ ഈ ദാരുണമായ കൊലപാതകങ്ങളിലും.

ഫോണില്‍ കൂടിയും വാട്സാപ്പില്‍ കൂടിയും സംഭവം നടന്ന രാത്രിയില്‍ വാഗ്വാദവും വെല്ലുവിളികളും നടന്നെന്നും അതിനെ തുടര്‍ന്നാണ്‌ ഈ കൊലപാതകങ്ങള്‍ നടന്നതെന്നും പറയപ്പെടുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

കൊലപാതകങ്ങളെ തുടര്‍ന്ന് വെഞ്ഞാറമൂടും പരിസര പ്രദേശങ്ങളിലും അക്രമ സംഭവങ്ങള്‍ നടക്കുന്നുണ്ട്. കൊണ്ഗ്രസ് പാര്‍ട്ടിയുടെ വെഞ്ഞാറമൂട് ടൗണിലെ ഓഫീസ് കത്തിക്കപ്പെട്ടു.

കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍. ഉറ്റവരുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നു. കൊലപാതകികള്‍ക്കു നിയമപരമായ ശിക്ഷ ഉറപ്പ് വരുത്തുമെന്ന്‍ പ്രതീക്ഷിക്കുന്നു.

- Advertisment -

Most Popular