30.8 C
Attingal
Saturday, October 5, 2024
HomeLit FestBook Viewപുസ്തകം :എന്റെ മിനി (1/36)

പുസ്തകം :എന്റെ മിനി (1/36)

എഴുതിയത് :ടി. എൻ. ഗോപിനാഥൻ നായർ
വിഭാഗം :ഓർമ്മക്കുറിപ്പ്
ആദ്യ പതിപ്പ് :നവംബർ 1974 പേജ് :80

കവി, നാടക കൃത്ത്, നടൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ടി. എൻ തന്റെ ഭാര്യ സൗദാമിനിയെ കുറിച്ചെഴുതിയ ഓർമ്മക്കുറിപ്പ്. വളരെ പണ്ട് തന്നെ ഈ പുസ്തകത്തിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും വായിച്ചത് ഇപ്പോഴാണ്. പേര് കേൾക്കുമ്പോൾ ഒരു  പൈങ്കിളി സ്പർശം തോന്നാം. പക്ഷെ അനന്യ സാധാരണമായ വിധത്തിൽ പരസ്പര പൂരകങ്ങൾ ആയിരുന്ന രണ്ട് പേരുടെ ദാമ്പത്യ ജീവിതത്തിന്റെ കാവ്യാത്മകമായ വിവരണം ആണ് ഈ പുസ്തകം. ടി. എൻ. എന്ന എഴുത്തുകാരന്റെ പദ സമ്പത്തിന്റെ ആഴം നമുക്ക് ഇതിൽ കാണാം.മലയാളത്തിലെ മികച്ച ഗദ്യ വിലാപകാവ്യങ്ങളിൽ ഒന്നായാണ് ഈ കൃതി വിലയിരുത്തപ്പെടുന്നത്. “ഗോപി സ്വന്തം പ്രേയസിയുടെ ഓർമക്കായി വാക്കുകൾ കൊണ്ട് പടുത്ത താജ്മഹൽ” എന്നാണ് മഹാകവി ജി. ശങ്കര കുറുപ്പ് ഈ പുസ്തകത്തെ വിശേഷിപ്പിച്ചത്.

ഇതിൽ തീവ്രമായ പ്രണയം ഉണ്ട്, വിരഹം ഉണ്ട്, അചഞ്ചലമായ ഭക്തിയുടെയും കലവറ ഇല്ലാത്ത സൗഹൃദത്തിന്റെയും വിവരണം ഉണ്ട്, യാത്രാ വിവരണം പോലും ഉണ്ട്.ഈ വിഭാഗത്തിലുള്ള പുസ്തകങ്ങൾ മലയാളത്തിൽ അധികം ഇല്ലാത്തത് കൊണ്ടാകും 2018 ൽ പോലും ഇതിന്റെ പുതിയ പതിപ്പ് ഇറങ്ങിയിട്ടുണ്ട്.. മികച്ച വായനാനുഭവം തരുന്ന പുസ്തകം..

ഇഷ്ട ഭാഗം :തന്റെ പ്രിയ പത്നിയുടെ ഭൗതിക ശരീരം തിരുവല്ലയിലെ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ട് പോകാൻ ആശുപത്രി അധികാരികൾ ഏർപ്പാടാക്കിയ വാനിന്റെ പേര് ” മിനി ട്രാവെൽസ് ” എന്നായിരുന്നു എന്ന ഞെട്ടിക്കുന്ന  യാദൃച്ഛികത  ടി. എൻ. പങ്ക് വയ്ക്കുന്നു. മഴയത്തുള്ള ആ അന്ത്യ യാത്രയെ അദ്ദേഹം വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്

“ഈറനായ കാറ്റ്‌….. വിളറിയ പ്രകാശം… ചാറ്റൽ മഴ വഴി നീളെ പനിനീർ തളിക്കുന്നു… ഒഴുകിവന്ന താമരയിതളിൽ ഒരു ഹിമബിന്ദു യാത്ര ചെയ്യുന്നു “

ഇതിലേറെ കാവ്യാത്മകമാവാൻ ഒരെഴുത്തുകാരന്  സാധിക്കുമോ?

(പുതുതലമുറക്കായി :- ടി. എൻ.-സൗദാമിനി ദമ്പതിമാരുടെ മൂത്ത മകനെ നിങ്ങൾ അറിയും “ശ്രീ രവി വള്ളത്തോൾ “

ശ്രീ. ടി. എൻ. ന്റെ പിതാവ് സാഹിത്യപഞ്ചാനനൻ പി. കെ. നാരായണ പണിക്കർ

ശ്രീമതി. സൗദാമിനിയുടെ പിതാവ് മഹാകവി കുറ്റിപ്പുറത്ത് കേശവൻ നായർ.. മഹാകവി വള്ളത്തോളിന്റെ അനന്തിരവൾ )

- Advertisment -

Most Popular