29.8 C
Attingal
Saturday, July 20, 2024
HomeLit FestAganeyum Iganeyumകൊറോണക്കാലത്തെ പഠനം (പുകിൽ )

കൊറോണക്കാലത്തെ പഠനം (പുകിൽ )

കൊറോണ വന്നതോടെ സ്കൂൾ പഠനം ഒക്കെ വീട്ടിൽ ആയല്ലോ. അതോടെ  പണികിട്ടിയ തള്ളമാരിൽ ഒരു തള്ളയുടെ ദീനരോദനം ആണ് ഇത്.

മാർച്ച്‌ മുതൽ മോനും മോളും വീട്ടിൽ ഉണ്ട്. ഏപ്രിൽ മുതൽ online  ക്ലാസ്സ്‌ തുടങ്ങി. 

മോൻ കുഴപ്പമില്ല, അടങ്ങി ഒരു സ്ഥലത്ത് തന്നെ ഇരിക്കും. സ്ഥാനത്തും ആസ്ഥാനത്തും ഒക്കെ doubt ചോദിച്ചു സാറന്മാരെ പ്രാന്തെടുപ്പിക്കൽ,അവൻ ക്ലാസ്സിൽ ശ്രെദ്ധിച്ചില്ലെങ്കിലും,  ബാക്കി പിള്ളേർ ക്ലാസ്സിൽ ശ്രെദ്ധിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കൽ, എന്നിട്ട് ആ വിവരം സാറിനെ അറിയിക്കൽ  ഇത് ഒക്കെയാണ് അവന്റെ മെയിൻകലാപരിപാടികൾ എന്ന് വളരെ താമസിയാതെ എനിക്ക് മനസിലായി. ഇവന്റെ ഈ അത്യുത്സാഹം, ‘അവൻ പഠിച്ചു മറിക്കുവാണ് ‘എന്ന് എന്നെ ബോധ്യപ്പെടുത്താൻ ഉള്ള ഒരുതരം ഉടായിപ്പ് നമ്പർ ആണെന്ന് എനിക്കറിയാമെന്നു അവനു അറിയത്തുമില്ല.

മോൾ ആകട്ടെ, ഓരോ 5മിനുട്ടും റൌണ്ട്സിനു വരും. അമ്മ എന്തു ചെയ്യുന്നു, ലഞ്ച്, ഡിന്നർ ഒക്കെ എന്താണ് എന്ന് തുടങ്ങി , കൊറോണ തീരുമ്പോൾ നമ്മൾ എങ്ങനെ celebrate ചെയ്യും?, 2021ആകാൻ ഇനി എത്ര days ബാക്കി ഉണ്ട്… ഇങ്ങനെ ഏതോ ചാനലിലെ ചർച്ചക്ക് ഇരിക്കുന്ന അവതാരകരെ പോലെ ഒന്നിനുപിറകെ ഒന്നായി ചോദ്യങ്ങളാണ്. ഇത് കേട്ട് കേട്ട് ഞാൻ violent ആയാൽ അമ്മക്ക് ഉമ്മ തരാൻ വന്നതാണ് എന്നും പറഞ്ഞു ഉമ്മയും തന്നിട്ട് സ്ഥലംവിടും. അതാണ് അവളുടെ തുറുപ്പു ഗുലാൻ.  5minutes കഴിയുമ്പോൾ അവൾ  വീണ്ടും പ്രത്യക്ഷപ്പെടും. …   പോരാത്തതിന് ,അത്യാവശ്യം ഇല്ലെങ്കിലും  വെള്ളം കുടി,  ടോയ്ലറ്റ് പോക്ക്, ഇത്  പോലുള്ള തേപ്പ് പരിപാപടികൾ വേറെയും.

മോൻ ക്ലാസ്സ്‌ തുടങ്ങുമ്പോൾ മുതൽ video, mike ഒക്കെ  on  ആക്കി വക്കും .എപ്പോഴും എന്തെങ്കിലും background image ഇട്ടിട്ടു ആണ്  ഇരിക്കുന്നത്. ചില നേരങ്ങളിൽ actual  background തന്നെ ഇട്ടേക്കും. മോൾ ടീച്ചർ പറയുമ്പോൾ മാത്രം ഇവയൊക്കെ on ആക്കും.എന്നാൽ അല്ലേ അവൾക്ക് ഇടയ്ക്കിടെ ക്ലാസ്സ്‌ ന്ന് മുങ്ങി എന്റെ അടുക്കൽ പൊങ്ങാൻ പറ്റുള്ളൂ . video on ആക്കി അവിടെ ഇരുന്നോളണം എന്നുള്ള എന്റെ ഗർജനം അലാറം വച്ചതുപോലെ  ഇടയ്ക്കിടെ മുഴങ്ങുമെങ്കിലും പുള്ളിക്കാരിക്ക് പേടിയൊന്നും ആകില്ല.

അങ്ങനെ അന്നേ ദിവസം എട്ടുമണിയോടെ ക്ലാസ്സ്‌ തുടങ്ങി രണ്ടും രണ്ട്  സ്ഥലത്തു ഇരുന്നു. ഒരു ലോഡ് പാത്രം കഴുകിയ ശേഷം നോക്കിയപ്പോൾ ചമ്മന്തി കറി ഉണ്ടാക്കിയ ചീനച്ചട്ടി ദൂരെ മാറി ഇരിക്കുന്നു. ‘ആഹാ  നന്നായി. ഇനിയിപ്പോ ദോശ കഴിക്കാൻ plate വേറെ എടുക്കണ്ടല്ലോ ഇതിലിട്ട് മുക്കി അങ്ങ് വിഴുങ്ങാം’  എന്ന് മനസ്സിൽ ലഡ്ഡു പൊട്ടിയ പാതി പൊട്ടാത്ത പാതി  ഒരു കയ്യിൽ  ഫോണും മറ്റേ കയ്യിൽ കഴിക്കാനുള്ളതും എടുത്ത് ഞാൻ പുത്രൻ ഇരിക്കുന്നതിനു അടുത്ത് വന്നിരുന്നു. ഹിസ്റ്ററി ക്ലാസ്സ്‌ നടക്കുവാണെന്ന് സാർ ന്റെ sound കേട്ടപ്പോൾ പിടികിട്ടി.  കഴിച്ചു തുടങ്ങുമ്പോൾ തന്നെ ദോശ തൊണ്ടയിൽ കുടുങ്ങിയ പോലെ. അങ്ങനെ വെള്ളമെടുക്കാൻ double speedl തിരികെ ചീനച്ചട്ടിയും കൈകളിലേന്തി അടുക്കളയിലേക്ക് പോകുന്നവഴിക്ക് , ക്ലാ ക്ലാ ക്ലീ ക്ലീ സുരേഷ് തിരിഞ്ഞു നോക്കിയതുപോലെ ഞാനും ഒന്ന് തിരിഞ്ഞു നോക്കി. ഏതോ ഒരുത്തി ചട്ടിയുമായി നിൽക്കുന്നത് മിന്നായം പോലെ കണ്ടതുപോലെ. ഉറപ്പിക്കാൻ ഒന്നൂടെ നോക്കി. മോനും സാറും ബാക്കി 25പിള്ളേരും  എന്നെയും നോക്കി. അതേ ആ ഒരുത്തി ആണ്’ ഈ ഞ്യാൻ’ എന്ന സത്യം ബോധ്യപ്പെട്ട ഞാൻ വിജൃംഭിച്ചു.  (അങ്ങോട്ട്‌ പോകുമ്പോൾ അവൻ background image ഇട്ടിരുന്നു. ഇതിനിടക്ക് background image മാറ്റി എപ്പോളോ normal option ഇട്ടിരുന്നു. )എന്നാലും മനോനില വീണ്ടെടുത്ത ഞാൻ മൈക്കൽ ജാക്സൺ നെ മനസ്സിൽ ധ്യാനിച്ചു റിവേഴ്‌സ് gearl ഒരു ‘moonwalk  ‘ നടത്തി. അപ്പോഴേക്കും ഒരു അശരീരി ” ohh Nalan’s mother on screen”.

ഏതായാലും പിറകോട്ടു വച്ച കാൽ പിന്നെ മുൻപോട്ട് വക്കാൻ തോന്നിയില്ല. ചട്ടിയുമായി ഒരു ചേരയുടെ മെയ്‌വഴക്കത്തോടെ താഴെ കമിഴ്ന്നു കിടന്ന് നോം അടുക്കളയിലേക്ക് ഇഴഞ്ഞങ്ങു പോയി.

ശരീരം അടുക്കളയിൽ എത്തിച്ച ശേഷം  ചെവി മോന്റെ ഓൺലൈൻ ക്ലാസ്സിലേക്ക്  വട്ടം പിടിച്ചു ഞാനവിടെ പതുങ്ങി നിന്നു.

    മോനോട് നാട്ടിൽ എവിടെ ആണ് സ്ഥലം എന്ന് ആണ് പുള്ളിക്കാരന്റെ അടുത്ത question.കലോത്സവങ്ങളിലെ പിച്ചക്കാരന്റെ  fancy dress അനുസ്മരിപ്പിക്കതുപോലെ കയ്യിൽ ചട്ടിയുമായി നടന്നുവന്ന എന്നെ കണ്ടിട്ടാകും അസ്ഥാനത്ത് ഇങ്ങനൊരു ചോദ്യം ഇപ്പോൾ എന്ന് ഞാൻ അനുമാനിച്ചു.   Kerala, Trivandrum, attingal… എന്ന് വരെ എത്തി നിർത്തി. ഹാവൂ സമാധാനമായി. ഇവൻ ആധാർ കാർഡ് നമ്പർ മാത്രമേ ഇനി പറയാൻ ബാക്കി ഉള്ളു.

എല്ലാ ദിവസവും നടക്കാൻ എല്ലാവരും കുറച്ചു നേരം പുറത്തു പോകണമെന്ന് സാർ അടുത്തതായി എല്ലാവരോടുമായി പറഞ്ഞു. “അമ്മ വെളിയിൽ പോകുമെന്നും, പക്ഷേ, കൊറോണ ആണ് അതുകൊണ്ട് എന്നെയും സിസ്റ്റർനെയും കൊണ്ടുപോകില്ലെന്നും” പുത്രൻ ഉണർത്തിച്ചു. എല്ലാ ദിവസവും ഹിസ്റ്ററി ബുക്ക്‌ വായിക്കണമെന്ന അടുത്ത ഉപദേശത്തിന്,” എന്റെ അമ്മ daily maths ചെയ് ചെയ് എന്ന് പറയും അതുകൊണ്ട് അവനു ഹിസ്റ്ററി പഠിക്കാൻ പറ്റുന്നില്ലാന്നു” അടുത്ത ഉത്തരം.

ഇതുകൂടി കേട്ടത്തോടെ ഞാനൊരു psycho തള്ള ആണെന്ന് ആ മനുഷ്യന് ബോധ്യപ്പെട്ടുകാണുമോ എന്ന് ഓർത്തു കുണ്ഠിതയായി നിന്നപ്പോൾ അതാ പുത്രി പതിവുപോലെ റൗണ്ട്‌സനു ഇറങ്ങി. അവളുടെ വരവ് അറിയാതെ മോന്റെ ഓൺലൈൻ പാരവെപ്പ് concentate ചെയ്ത് നിന്ന എന്നെ നോക്കിയിട്ട്, മോനോട്, “ചേട്ടാ “അമ്മ hiding and listening  you  “എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. Mike on ആക്കി വച്ചിരുന്നതുകൊണ്ട്, ഇത് പുത്രനും അവന്റെ സാറും ബാക്കി 25പിള്ളേരും കേട്ടു .

കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ ഈ ജന്മം മക്കളായി പിറക്കുമെന്ന് ആരോ പറഞ്ഞുകേട്ടത് തദവസരത്തിൽ rocket വേഗത്തിൽ മനസ്സിൽ മിന്നി.

 തലക്ക് ചുറ്റും കുറച്ചുനേരം പുക ആയിരുന്നതുകൊണ്ട് പിന്നെ എന്ത് ആണ് അവിടെ നടന്നതെന്നു വ്യക്തമല്ല. “മാമിയോടൊന്നും തോന്നല്ലേ സാറേ “എന്ന് വിളിച്ചുപറയണമെന്നുണ്ടായിരുന്നു. തൽക്കാലം അത് മനസ്സിൽ പറഞ്ഞുകൊണ്ട്  സായുജ്യമടഞ്ഞു.

സൗമ്യ ഷെറിൻ

- Advertisment -

Most Popular