രോഗവ്യാപനത്തെ ചെറുക്കാൻ ആറ്റിങ്ങൽ നഗരം അടച്ചിടണമെന്ന ആവശ്യമുന്നയിച്ച് നാളെ അടിയന്തിര കൗൺസിൽ യോഗം ചേരും. ആറ്റിങ്ങൽ പട്ടണത്തിന്റെ സമീപ പഞ്ചായത്തുകൾ കണ്ടെയ്‌മെന്റ് സോണായതിനെ തുടർന്ന് ഇവിടെ നിന്നുള്ളവർ ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ച് പട്ടണത്തിലേക്ക് പ്രവേശിക്കുന്നത് സാമൂഹ വ്യാപനം സൃഷ്ടിക്കും.
രോഗവ്യാപനത്തിന് ശേഷം ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനേക്കാൾ നല്ലത് രോഗവ്യാപനത്തിൽപ്പെടുന്നതിന് മുമ്പേ തന്നെ അടച്ചിടുന്നതാണെന്ന് ചെയർമാൻ എം.പ്രദീപ് പറഞ്ഞു.
പട്ടണത്തിലെ ബാറുകളിലേക്കും, ദേശമദ്യഷോപ്പുകളിലേക്കും അനിയന്ത്രിതമായ രീതിയിലാണ് ജില്ലയിലെ കണ്ടെയ്‌മെന്റ് സോണുകളടക്കം പല ഭാഗത്ത് നിന്നും ആളുകൾ എത്തുന്നത്. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടത്തിനോട് പട്ടണം അടച്ചിടണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടിരുന്നു.
നാളെ 12 മണിക്ക് ചേരുന്ന അടിയന്തിര കൗൺസിൽ യോഗത്തിലും പട്ടണത്തിലെ രോഗവ്യാപനത്തെ ചെറുക്കാൻ ലോക്ക്ഡൗൺ അടിയന്തിരമായി നടപ്പിലാക്കാൻ അധികാരികളോട് ആവശ്യപ്പെടും