31.8 C
Attingal
Wednesday, May 8, 2024
HomeLit FestAganeyum Iganeyumഒരു സംഭവകഥ

ഒരു സംഭവകഥ

2012 ഒക്ടോബറിലെ ലെ ഒരു ഞായറാഴ്ച ആണ് കഥ നടക്കുന്നത്. അല്ലെങ്കിൽ തന്നെ ദിവസവും കഥയും തമ്മിൽ തീരെ ബന്ധം ഇല്ലാത്തതുകൊണ്ട് അതിന് ഇവിടെ പ്രസക്തിയേ ഇല്ല. കാര്യത്തിലോട്ട് കടക്കാം.

പഴയ ഫ്ലാറ്റ് മാറി പുതിയ ഫ്ലാറ്റിലോട്ട് വന്നിട്ട്

ദിവസങ്ങൾ ആകുന്നതേ ഉള്ളൂ. ഹാളിൽ ഉള്ള ac ക്ക് ഒരു മൂക്കൊലിപ്പ്. എപ്പോഴും വെള്ളം തുള്ളിയായി താഴേക്ക് വീഴുന്നുണ്ട്. അതിലെങ്ങാനും ചവിട്ടി വീണാൽ മൂലം പൂരാടം ആകുമെന്ന് ഉറപ്പായ കൊണ്ട് നമ്മടെ മണിച്ചിത്രത്താഴ് പപ്പുനെ പോലെ ആണ് നടത്തം.

പതിവുപോലെ ബ്ലാങ്കാളി വാച്ച്മാനെ വിളിച്ചു ഭർത്താവ് പരാതി പറഞ്ഞു. അന്ന് തന്നെ ac ശെരിയാക്കാൻ ആൾ വരും എന്ന് അയാൾ  ഉറപ്പിച്ചു പറഞ്ഞെന്നു  അറിയിച്ചിട്ട് സേട്ടൻ ഓഫീസിലേക്ക് പോയി.

മണിക്കൂറുകൾ കഴിഞ്ഞു. മൂക്കൊപ്പില്ലാത്ത ac സ്വപ്നം കണ്ട് ഇരുന്ന എന്റെ കാതിലോട്ട് കാളിങ് ബെൽ മുഴങ്ങിക്കേട്ടു. ഒറ്റ ഓട്ടത്തിൽ ഡോർ തുറന്നു. അതാ ac ശെരിയാക്കാൻ ദാഹിച്ചു നിൽക്കുന്നു പ്രസന്നവദനനായ ഒരു ഹിന്ദിവാല.

ഇങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുൻപുതന്നെ ac കാണിച്ചുകൊടുത്തിട്ട് ഞാൻ ലേശം ഭവ്യതയിൽ അല്പം മാറിനിന്നു.

Ac യിലോട്ട് മലർന്നു നോക്കിക്കൊണ്ട് അയാൾ ചോദിച്ചു, “ആപ് കി പാസ് സീഡി ഹേ “? ഞാനൊന്ന് ഞെട്ടി. വേറൊന്നുമല്ല, “cd”???.ആ വാക്ക് കേട്ടെങ്കിലും ഒന്നുകൂടി ഉറപ്പിക്കാൻ അറിയാവുന്ന 4,5ഹിന്ദി വാക്കുകളിൽ ഒന്ന് ആയ

“ക്യാ “..അങ്ങ് കാച്ചി. ഹിന്ദിവാല ഭാവവ്യത്യാസവുമില്ലാതെ ആവർത്തിച്ചു, “സീഡി ഹേ? “.ആകെ ഒരു കൺഫ്യൂഷൻ മനസ്സിൽ. Cd ഇട്ടു ac ഒക്കെ ശെരിയാക്കാൻ പറ്റുമോ. കൊള്ളാമല്ലോ. വീണ്ടും എന്റെ വക ഹിന്ദി. “വെയിറ്റ് കരോ.. “

മുറിയിലേക്ക് പോയി. Cd ഇരിക്കുന്ന സ്ഥലത്ത് പോയി. ഒന്ന് പോരെങ്കിലോ മൂന്നു cd യും ആയി തിരികെ വന്നു ഹിന്ദിക്കാരന് നേരെ നീട്ടി. അയാൾ സംശയഭാവത്തിൽ എന്നെ ഒന്ന് നോക്കി. ഞാൻ ചോദ്യഭാവത്തിൽ തിരികെയും.

എന്തോ നല്ല പന്തികേട് ഉണ്ടെന്നു എനിക്ക് തോന്നിത്തുടങ്ങും മുൻപ് അയാൾ വലിയ വായിൽ ചിരിക്കാൻ തുടങ്ങി. Cd ചോദിച്ചു, cd കൊടുത്തപ്പോൾ ഇയാളെന്തിനാ ചിരിക്കുന്നത് എന്നറിയാതെ ഞാൻ വിജൃംഭിച്ചു. അത് ഈ മറുദാനോട് ഇനി ഹിന്ദിയിൽ എങ്ങനെ ചോദിക്കാനാ…

ഇത്ര ആയപ്പോഴേക്കും അതാ വാച്ച്മാൻ കയറി വരുന്നു. ഹിന്ദിക്കാരൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് വാച്ച്മാനോട് എന്തോ പറഞ്ഞു.ബെസ്റ്റ്, ഇപ്പോൾ രണ്ടുപേരും ചിരിക്കുന്നു. കൂട്ടത്തിൽ 2,3വട്ടം cd എന്ന് പറഞ്ഞത് കേട്ടകൊണ്ട്, cd ആണ് താരം എന്ന് മാത്രം പിടികിട്ടി.

എന്തായാലും രണ്ടാളും കൂടി ചിരിച്ചുകൊണ്ട് വെളിയിലേക്ക് പോയി. ഞാൻ ഭർത്താവിനെ ഫോൺ ചെയ്തു നടന്ന കാര്യം പറയാൻ അകത്തേക്ക് ഓടി. നടന്ന കാര്യങ്ങൾ കേട്ടുകഴിയും മുൻപ് അവിടന്നും ചിരി. ഒടുവിലാണ് ആ നഗ്നസത്യം അദ്ദേഹം വെളിപ്പെടുത്തിയത്. Cd അല്ല, “സീഡി  “.അതായത്, നമ്മടെ “”ഏണി “”.

ഏണി ക്ക് പകരം cd യും കൊടുത്തിട്ട് വായും പൊളിച് നിന്ന എന്നെ നോക്കി അയാൾ ചിരിച്ചതല്ലേ ഉള്ളൂ, അടി തന്നില്ലല്ലോ എന്ന് ഓർത്തു സമാധാനിക്കാൻ പറഞ്ഞിട്ട് ഭർത്താവ് ഫോൺ കട്ട്‌ ചെയ്തു.

ഒരു ഒന്നൊന്നര ശശി ആയെന്നു ഓർത്തു പണ്ടാരമടങ്ങി നിൽക്കുമ്പോൾ ദേ വരുന്നു വീണ്ടും. ബ്ലാങ്കാളിയും ഹിന്ദിവാലയും  ഏണിയും പിന്നെ അവർ പോയപ്പോ കൊണ്ടു പോയ അതേ ചിരിയും. ഏതായാലും ചിരി വന്നെങ്കിലും തൽക്കാലം ഒരു സോറിപറഞ്ഞ്   ഞാൻ തടിയൂരി. വേറെ ഒന്നും ഇനി ഹിന്ദിയിൽ പറഞ്ഞു കുളം ആകാതെ ഇരിക്കാനാണ് ആ ചിരി വച്ച് അഡ്ജസ്റ്റ് ചെയ്തത് എന്ന് നിങ്ങൾക്ക് മനസിലായല്ലോ അല്ലേ..        ഏതായാലും അതോടുകൂടി ac ടെ മൂക്കൊലിപ്പ് മാറി കുട്ടപ്പൻ ആയി. അതിനു ശേഷം ഇമ്മാതിരി ടീംസ് പ്രശ്നപരിഹാരങ്ങൾക്ക് വരുമ്പോൾ എനിക്ക് എന്നെത്തന്നെ പേടിയാ…

Soumya Sherin

- Advertisment -

Most Popular